Contact Us : 04998-214360      Email Us : info@ananthapuratemple.com

ചരിത്രം

തടാക ക്ഷേത്രം –

അനന്തപുരം ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് പ്രസിദ്ധിയാര്‍‍ജ്ജിച്ച കേരളം പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ദേവിദേവന്മാരുടെ ജന്മനാടാണ്. വിസ്തീര്‍ണം കുറവാണെങ്കിലും ക്ഷേത്രങ്ങളും മറ്റു ആരാധനാലയങ്ങളെകൊണ്ട് സമ്പന്നമാണിവിടം.വടക്ക് കാസറ‍ഗോഡ് മുതല്‍ തെക്ക് തിരുവനന്തപുരംവരെയായി നാനാജാതി മതസ്ഥരുടെ വൈവിദ്ധ്യമാര്‍ന്ന ആരാധനാലയങ്ങള്‍ തന്നതായ ഗതകാല പ്രൌടിയോടെ വാസ്തുശിലപത്തിന്‍റെ മഹിമ വിളിച്ചോതും വിധം ഭക്തരുടെ മനോധര്‍‍മ്മത്തിനനുസരിച്ച് നിത്യനൂതനമായി നിലകൊള്ളുന്നു. പരശുരാമ സൃഷടിയായ ഈ കൊച്ചുകേരളം ആദ്ധ്യാത്മികതയിലും സാംസ്‌കാരിക മഹത്വത്തിലും പുകള്‍‍പെറ്റ നാടാണ്. ക്ഷേത്രങ്ങളെ സംബഡിച്ച ഐതിഹ്യങ്ങളും ഇക്കാര്യം വെളിപെടുത്തുന്നു. ഒരു ഭാഗത്ത് നീടുകിടക്കുന്ന പശ്ചിമഘട്ട പര്‍‍വ്വനിരകള്‍‍ , മറ്റുഭാഗത്ത് വിശാലമായ ഭൂപ്രദേശം ,മറ്റുരണ്ടുഭാഗങ്ങള്‍ ‍ ജലവൃതമായിരിക്കുന്നതുമൂലം ജനങ്ങള്‍‍ക്കും ദേവതകള്‍‍ക്കും. അധിവാസയോഗ്യമായിരിക്കുന്നു . വെള്ളം ധാരാളമുള്ള പ്രദേശങ്ങള്‍ ‍ ,കുന്നിന്‍ പ്രദേശങ്ങള്‍ ‍,പൂന്തോപുകള്‍ ‍ എന്നിവിടങ്ങളിലെല്ലാം ദൈവസാന്നിദ്ധ്യമുണ്ടാവും എന്നാണ് ആഗമ ശാസ്ത്രം.

     അങ്ങനെ ചിന്തിക്കുമ്പോള്‍ ‍ കേരളം മുഴുവന്‍‍ ദേവിദേവന്‍‍മാരുടെ അധിവാസ കേന്ദ്രമാണെന്നുപറഞ്ഞാല്‍‍ ഒട്ടും അതിശയോക്തിയല്ല. കേരളത്തിന്‍റെ ഉത്തരഭാഗത്താണ്’സപ്തഭാഷാ സംഗമഭൂമി’ എന്നറിപെടുന്ന കാസറഗോഡ് ജില്ല. അതുകൊണ്ടുതനെ ആചാരാനുഷ്ടാനങ്ങള്‍ ആരാധനാശൈലി,സാംസ്കാരിക വൈവിധ്യം എന്നിവയില്‍‍ കാസറഗോഡിനോടുകിട നില്‍ക്കാന്‍ ‍ മറ്റൊരു ദേശമില്ല.

     വലുപ്പചെറപ്പമില്ലാതെ ഖ്യാതികേട്ട ധാരാളം ക്ഷേത്രങ്ങള്‍ ‍ ഈ ജില്ലയിലുണ്ട്‌. മധൂര്‍‍ ശ്രീ മദനന്തേശ്വര വിനായക ക്ഷേത്രം,അടൂര്‍‍ ശ്രീ മഹാലിംഗേശ്വര ക്ഷേത്രം,മുജങ്കാവ് ശ്രീ പാര്‍‍ത്ഥസാരഥികൃഷ്ണ ക്ഷേത്രം,കണിപുരം ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം എന്നിവ കുമ്പള സീമയുടെ പേരുകേട്ട നാലു ക്ഷേത്രങ്ങളാണ്. പ്രധാന ക്ഷേത്രങ്ങളിലെ വാസ്തുശിലപശൈലികളും പ്രതിഷ്ഠകളും വൈവിധ്യപൂര്‍‍ണമാണ്. മധൂര്‍‍ ക്ഷേത്രം, അടൂര്‍‍ ക്ഷേത്രം എന്നിവ പഴയ ഗജപൃഷ്ഠവാസ്തുശൈലിയാണ്. കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം, മുജങ്കാവ് ശ്രീ പാര്‍ത്ഥസാരഥികൃഷ്ണ ക്ഷേത്രം എന്നിവയുടെ ശൈലിതന്നെ വേറെയാണ്. ദൈവീകചൈതന്യം പുറംലോകത്തിനു ദ്രശ്യമാകുന്ന ദൈവസാന്നിദ്ധ്യത്തിലും ഈ വൈശിഷ്ട്യം നിലകൊള്ളുന്നു. മധുര്‍‍ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീ മദനന്തേശ്വരനായാലും വിശ്വാസികള്‍കിടയിലെ‍ പ്രഭാവമുള്ളത് ഗണപതിയുടെ നാമത്തിലാണ്. മല്ലം ശ്രീ അന്നപൂര്‍ണേശ്വരി ക്ഷേത്രം,കാസറ‍ഗോഡ് മല്ലികാര്‍‍ജ്ജുനക്ഷേത്രം, ആരിക്കാടി ശ്രീ ആഞജനേയക്ഷേത്രം, പെരഡാല ശ്രീ ഉദേനശ്വരക്ഷേത്രം,കൊറക്കോട് ശ്രീ ആര്യകാര്‍ത്യായനി ക്ഷേത്രം എന്നിവ തന്നതായ ദൈവീക ചൈതന്യം പ്രസരിപ്പിച്ചുകൊണ്ട് കാസറ‍ഗോഡിന്‍റെ യശസ്തംഭങ്ങളായി നിലകൊള്ളുന്നു. ഇവയോടൊപ്പം പ്രാചീനംകാലം മുതല്‍‍ നിലകൊള്ളുന്ന പ്രശാന്തസുന്ദരമായ അനന്തപുരം ശ്രീ അനന്തപദ്മനാഭ സ്വാമിക്ഷേത്രം – വിഗ്രഹനിര്‍‍മ്മാണരീതി, സഹചാരിയായ മുതലയുടെ സാന്നിധ്യം, തടാക മധ്യേയുള്ള ക്ഷേത്രം എന്നീ വൈശിഷ്ട്യങ്ങളാല്‍ വേറിട്ടുനില്‍‍ക്കുന്നു.തീര്‍തഥാടകരുടെ മനസ്സില്‍‍ ഭക്തിയുടെ ഊഷ്മള ഭാവങ്ങള്‍ ‍വിരിയിക്കുന്ന അനന്തപുരം ക്ഷേത്രം കാസറഗോഡ് ജില്ലയിലുള്ളത്‌ നമ്മുടെ സുകൃതംകൊണ്ടാണെന്നുതന്നെ പറയാം. 

     കാസറഗോഡ് ടൗണില്‍‍നിന്നും ദേശിയപാതയിലുടെ 11 km വടക്ക് സഞ്ചരിച്ചാല്‍‍ കുമ്പളയിലെത്തം. അവിടെനിന്നും കുമ്പള ബദിയടുക്ക – പാതയിലൂടെ 4 km ദൂരം കിഴക്കോട്ടു സഞ്ചരിച്ചാല്‍‘നായിക്കാപ്പ്’ എന്നാ സ്ഥലത്തെത്തം. നായിക്കാപ്പില്‍‍നിന്നും ഒരു കിലോമീറ്റര്‍‍ തെക്ക് ഭാഗത്തേക്ക് ടാറിട്ട റോഡിലുടെ സഞ്ചരിച്ചാല്‍‍ അനന്തപദ്മനാഭ സ്വമിക്ഷേത്രമായി. മംഗലാപുരംവഴി ശ്രീ സന്നിധിയിലേക്ക് വരുന്നവര്‍‍ 39 km ദൂരമുള്ള കുമ്പളയിലേക്ക് മംഗലാപുരം – കാസറഗോട് ദേശിയപാതയിലുടെ വരണം. പുത്തൂര്‍‍ ഭാഗത്തുനിന്നും വരുന്നവര്‍‍ ബദിയടുക്ക – കുമ്പള പാതയിലുടെ 12 km ദൂരം പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിച്ചാല്‍‍ ‘നായിക്കാപ്പ്’എന്നാ സ്ഥലത്തെത്തം. അവിടെ നിന്നും അനന്തപുരംവരെയുള്ള 1 km ദൂരം സഞ്ചരിക്കുമ്പോള്‍ ഭക്തരുടെ മനസ്സില്‍‍ ദിവ്യമായ ഒരു ആനന്ദാനുഭൂതി അനുഭവപ്പെടുന്നു. നാലുഭാഗവും കുന്നുകള്‍‍ കൊണ്ട് ആവരണം ചെയ്യപ്പെട്ട ഭൂപ്രദേശം ഒരു കിണ്ണം പോലെ തോന്നിപ്പിക്കുന്നു. അവിടെവിടെ ഹരിതാഭമായ വൃക്ഷലതാദികള്‍ അങ്ങിങായി വീടുകള്‍,കന്നുകാലിക മേഞ്ഞുനടക്കാന്‍ വിശാലമായ പുല്‍മൈതാനങ്ങള്‍ പ്രഥമദൃഷ്ട്യ അമ്പലത്തിന്‍റെ യാതൊരടയാളവും അവിടെ കാണുകയില്ല.

     ഈ പ്രദേശത്തുകൂടിസഞ്ചരിക്കുന്ന ഒരു തീര്‍ത്ഥാടകന് ആദ്യം ദൃശ്യമാവുന്നത് അമ്പലത്തിന്‍റെ ചുറ്റുമതിലുകളാണ്. ഏകദേശം മൂന്നുമീറ്റര്‍‍ ഉയരത്തില്‍‍‘സര്‍പ്പക്കെട്ട്’ ശൈലിയില്‍‍ ചുവന്നകല്ലുകൊണ്ട് നിര്‍‍മ്മിച്ച വിശേഷപ്പെട്ട മതിലുകളാണിവ. കേരളത്തിലെ അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍‍ മാത്രമേ ഈ പുരാതന ശൈലിയിലുള്ള മതിലുകള്‍ കണ്ടുവരുന്നുള്ളു.ഇത്തരത്തിലുള്ള നിര്‍മാണശൈലി ഒരു കാലത്ത് മഹാക്ഷേത്രങ്ങളുടെ അടയാളമായിരുന്നുവെന്നു ശ്രീ ക്ഷേത്രത്തിന്‍റെ വാസ്തുശിലപി ദിവംഗതനായ ശ്രീ പരമേശ്വരന്‍‍ നമ്പൂതിരിയിള്‍ നിന്നും ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏതുതരത്തിലുള്ള മതിലുകളിലും ഇഴജന്തുക്കള്‍ക്ക് കയറാന്‍ കഴിയും. എന്നാല്‍‘സര്‍പ്പക്കെട്ട്’ആകൃതിയിലുള്ള മതിലുകളില്‍‍ സര്‍പ്പങ്ങള്‍ക്ക് കയറാന്‍ കഴിയുകയില്ലെന്നത് ഒരു പ്രധാന സവിശേഷതയാണ്.

     വിജനമായ അന്തരീക്ഷത്തില്‍ ഏകാഗ്രതയെ ഭഞ്ജിപ്പിക്കുന്ന മന്ദമാരുതന്‍റെ സുഖശീതളമായ തലോടല്‍ പടിഞ്ഞാറുംനിന്നും ഒഴുകിവരുന്നു.ചുറ്റുമുള്ള കറുത്ത പാറക്കല്ലുകള്‍‍ പ്രകൃതികെട്ടിയ കോട്ടയാണെന്നു തോന്നിപ്പിക്കുമാറ് ഒരു രക്ഷാകവചംപോലെ ഉയര്‍ന്നുനില്‍‍ക്കുന്നു. സര്‍പ്പക്കെട്ടുള്ള മതിലനകത്ത് പ്രവേശിച്ച ഒരു ഭക്തന് ദേവാലയം ഒരു കുഴിയിലാണെന്ന പ്രതീതിയുണ്ടാകും. ഇവിടെ നിന്ന് നോക്കിയാല്‍‍ ദേവാലയം മുഴുവനായി കാണാന്‍ സാധിക്കുകയില്ല. ദേവദര്‍ശനം പിന്നെയും നിഗൂഡമായിതന്നെയിരിക്കും. തനുമനസ്സുകളുടെ ഐക്യം ഉണ്ടെങ്കില്‍ മാത്രമേ ആ അസുലഭാനുഭവം കൈവരികയുള്ളൂ. പിന്നീട് പ്രധാനകവാടം കടക്കുന്ന ഭക്തന് വിശാലമായ രാജാങ്കണമാണ് കണ്ണില്‍‍ പതിയുന്നത്. അവിടെവിടെ കെട്ടിടങ്ങള്‍, പ്രകൃതിദത്തമായ കറുത്ത കല്ലുകള്‍ നിറഞ്ഞ കവാടവും കഴിഞ്ഞാല്‍ ബലിക്കല്ലിന്‍റെ മുന്നിലെത്തം. ഉത്സവകാലത്ത് താന്ത്രി കവിധിപ്രകാരം പൂജിക്കപ്പെടുന്ന‘ബലി കല്ല്‌’എന്നാ പുരാതന രജന ദേവാലയത്തിന്‍റെ അസ്തിത്വത്തിനു മാറ്റുക്കൂട്ടുന്നു. അവിടെ നിന്നും മുന്നോട്ടുപോയാല്‍‍ പാതാളത്തിലെക്കാണോ ഇറങ്ങേണ്ടത് എന്ന് തോന്നിപ്പിക്കുമാറു ധാരാളം ചവിട്ടു പടികള്‍‍ കാണാം. ഉത്സുകനായ ഭക്തന്‍ ആനന്തപരവശനായി ചവിട്ടു പടികള്‍‍ താണ്ടി ഗോപുരവാതില്‍ക്കല്‍ പ്രവേശിക്കുന്നു. അവിടെ നിന്നും മുന്നോട്ടു നോക്കിയാല്‍ വൈകുണണ്ട സദൃശ്യമായ മഹാക്ഷേത്രം കാണാം. വിശാലമായ തടാകത്തിന്‍റെ മധ്യത്തിലുള്ള ദേവാലയം.

          വളരെ വിസ്താരമേറിയ കറുത്തപാറക്കല്ലിന്‍റെ നടുവില്‍ തടാകം നിര്‍മ്മിച്ച്‌ അതിന്‍റെ മധ്യത്തിലാണ്‌ അമ്പലം പണിതുയര്‍ത്തിയിരിക്കുന്നത്. 100X100 അടി വിസ്തൃതിയുള്ളതാണ് ഈ കുളം. നമസ്കാരമണ്ഡപത്തേയും ഗോപുരത്തെയും ബന്ധിപ്പിക്കുന്ന ഒരു ചെറിയ പാലംവഴി തടാകത്തിലേക്ക് കടക്കാവുന്നതാണ്. മിനുസമേറിയതും ഭംഗിയുള്ളതായ നാലുകല്‍ത്തൂണുകള്‍ നമസ്കാര മണ്ഡപത്തിന്‍റെ മേല്‍ക്കൂരെയേ താങ്ങിനിര്‍ത്തിയിരിക്കുന്നു. മനോജഞങ്ങളായ എണ്ണ ചായചിത്രങ്ങളും മരംകൊണ്ടുള്ള കൊത്തുപണികളും കൊണ്ട് മണണ്ഡപത്തിന്‍റെ മേല്‍ത്തട്ട് അലങ്കരിച്ചിരിക്കുന്നു. ഭാരതത്തിലെ ആദ്ധ്യാത്മികചര്യരില്‍ അഗ്രഗണ്യരായ ആര്യഭട്ടന്‍, കനകദാസര്‍, പുരന്ദര ദാസര്‍, മീരാഭായി, ഗുരുരാഘവേന്ദ്ര, രാമകൃഷ്ണ പരമഹംസര്‍, വിവേകാനന്ദന്‍, ഷഡവൈരികള്‍, സപ്തര്‍ഷികള്‍, ദേഹാഗ്നി തുടങ്ങിവരുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ് ഇവിടെ ആലേഘനം ചെയ്തുട്ടുള്ളത്. ദേവാലയത്തിന്‍റെ ചരിത്രം സംബഡിച്ച വസ്തുതകളും രാമായണ മാഹഭാരതാദി ഇതിഹാസങ്ങളിലെ പ്രധാന സംഭവങ്ങളും ദശാവതാര കഥകളുടെ സംഗ്രഹവും അത്യാകര്‍ഷമായി മരം കൊണ്ടുള്ള കൊത്തു പണികളാല്‍ വിരചിക്കപ്പെട്ടിരിക്കുന്നു. കൂടാതെ വില്വമംഗലസ്വാമികളുടെ കാലം മുതല്‍ കാഞ്ചികാമകോടി ശ്രീ ജയേന്ദ്രസരസ്വതികളുടെ ക്ഷേത്രാ ഗമനം വരെയുള്ള സംഭവങ്ങളും അനുക്രമമായി ചിത്രികരിച്ചിട്ടുണ്ട്. ഏവരുടെയും മനംകവരുന്ന ഇത്തരം കാലസൃഷ്ടികള്‍ ക്ഷേത്ര സൗന്ദര്യത്തിനു ഏറെ മാറ്റുകൂട്ടിയിരിക്കുന്നുവെന്നത് തര്‍ക്കമറ്റ വസ്തുതയാണ്.

വില്വമംഗലസ്വാമികളും അനന്തപുരവും

കര്‍‍ണാടകയിലെ ഈപ്പോഴത്തെ ബെളുത്തങ്കാടി താലുക്കിലെ കൊക്കട ഗ്രാമത്തിലെ എടപടിത്തായ ശിവള്ളി ബ്രാഹ്മണ കുടുംബത്തിലെ ഒരങ്ങമായിരുന്നു വില്വമംഗല സ്വാമികള്‍‍. ദിവാകര മുനികള്‍‍ എന്ന അപര നാമത്താലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.‘കൃഷ്ണാമൃതം’എന്ന കാവ്യമെഴുതി ജീവിതം സാര്‍‍ത്ഥകമാക്കിയ ഈ മുനിശ്രേഷ്ടന്‍, സ്ത്രീ സംബന്ധമായ വിരക്തികാരണം ശ്രീമന്നരാമന്‍റെ ആരാധന തന്നെ യോഗ്യമെന്നു തീരുമാനിച്ചു ഈ ക്ഷേത്രത്തില്‍ കുറേക്കാലം ധ്യാനപൂജാദി കര്‍മ്മങ്ങള്‍‍ ചെയ്തു ജീവിച്ചിരുന്നുവെന്ന് ഐതിഹ്യമുണ്ട്. ശ്രികൃഷ്ണനോടുള്ള അഞ്ജലമായ ഭക്തികൊണ്ടു ഭഗവാനെ പ്രാര്‍‍ത്ഥിച്ചു കാലംകഴിച്ചു. ശ്രീ അനന്തപദ്മനാഭ സ്വാമിക്ഷേത്ര നിര്‍മ്മാണത്തിനു മുമ്പ്‍ തടാകത്തിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി ഗോശാലകൃഷ്ണ ദേവാലയം എന്നപേരില്‍ ഒരു അമ്പലം ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്നു.ഈ ദേവാലയാങ്കണത്തിന്‍റെ സവിശേഷതകളും ഗോപുരത്തിന്‍റെ വിന്യാസക്രമങ്ങളും ഒരു പഴയ മഠംത്തിന്‍റെ ശൈലി അനുസ്മരിപ്പിക്കുന്നതുകൊണ്ടാവം മുമ്പ് ഇതൊരു മഠംമായിരുന്നുവെന്നു പലരും വാദിക്കുനത്. ഭഗവാന്‍റെ തീര്‍ത്ഥക്കുളം ഇപോഴും തെക്കുപടിഞ്ഞാറ് ഭാഗത്തായി കാണാവുന്നതാണ്. ഭക്തര്‍ക്ക് ഇരുന്നുകുളിക്കാന്‍ സൗകര്യപ്രദമായ തരത്തില്‍‍ കരിങ്കല്ലുകൊണ്ടു കെട്ടിനിര്‍മ്മിച്ച ഈ കുളം സ്വകാര്യവ്യക്തികളുടെ അധീനതയിലാണ് ഈപ്പോഴുളത്. 

കാലചക്രഗതിക്കനുസരിച്ചു ഭഗവാന്‍റെ ലീലാവിലാസങ്ങള്‍ എന്തെല്ലാം പരിവര്‍ത്തനങ്ങള്‍‍ വരുമെന്നുളളത്തിനു ഈ ക്ഷേത്രചരിത്രം തെളിവാണ്. വിഷ്ണു ഭഗവാന്‍റെ അനന്ന്യ ഭക്തനായി ഭഗവാനെ നിത്യവും ഉപാസിച്ചുവന്നിരുന്ന വില്വമംഗല സ്വാമികളെ പൂജാദി കര്‍മ്മങ്ങളില്‍ സഹാഹിക്കുന്നതിനായി പതിവായി ഒരു ബാലന്‍ അവിടെ വരുമായിരുന്നു. സ്വാമികള്‍, ബാലന്‍‍ ആരാണെന്നോ എവിടെനിന്നാണ് വരുന്നതെന്നോ ഉള്ള വിവരങ്ങളൊന്നും തിരക്കിയിരുന്നില്ല. ഒരിക്കല്‍‍ ശ്രീ സ്വാമികള്‍ പൂജാദികര്‍‍മ്മങ്ങളില്‍‍ നിമാഗ്നനായിരുന്നപ്പോള്‍‍ ബാലന്‍‍ വന്ന് ബാലചേഷ്ടകള്‍‍ കാണിച്ചത് ആ മഹാസംഭവത്തിനു നിമിത്തമായി. പൂജാസാമാഗ്രികള്‍ ‍എടുത്തു കുസൃതികാട്ടിയ ബാലനെ സ്വാമികള്‍‍ തന്‍റെ ഇടംകൈകൊണ്ടു തള്ളിമാറ്റി. ആ തള്ളലിന്‍റെ ശക്തിമൂലം ബാലന്‍‍ ദൂരേയ്ക്ക് തെറിച്ചുവീണു. വീണസ്ഥലത്ത് ഒരു വലിയ ഗുഹ പ്രത്യക്ഷപ്പെട്ടു. ദീര്‍‍ഘ ജ്ഞാനികളായ മുനിയ്ക്ക്’കാര്യം’മനസ്സിലായി. കുട്ടിയെ എടുക്കാനായി പെട്ടന്നുതന്നെ മുനി ഗുഹയുടെ സമീപത്തേയ്ക്ക് വന്നു. ബാലനെ അവിടെ കണ്ടില്ല. പകരം ഓംകാരത്തിന്‍റെ ഒരു വലിയ ജ്യോതിര്‍‍ലിംഗം മുമ്പോട്ടു നീങ്ങി. പിന്നാലെ സ്വാമികളും. ഗുഹയിലുടെ നീങ്ങിയ ജ്യോതി പടിഞ്ഞാറെ കടല്‍ക്കരെയില്‍‍ പുറം ലോകത്ത് കാണപ്പെട്ടു. ഇപ്പോഴത്തെ’മൊഗ്രാല്‍‍’ എന്ന പ്രദേശത്തിനടുത്തു ‘നാങ്കുഴി’ എന്ന സ്ഥലത്ത് ഭൂമിയുടെ മേല്‍‍ഭാഗത്ത് കാണപ്പെട്ട ജ്യോതിര്‍‍ലിംഗം അവിടെനിന്നു തെക്കുഭാഗത്തേക്ക് നീങ്ങി. സ്വാമികളും പിന്തുടര്‍‍ന്നു. കുറേ ദിവസങ്ങളോളം സഞ്ചരിച്ചു . ഒടുവില്‍ ‍ കേരളത്തിന്‍റെ തെക്കേ അറ്റത്ത്‌ എത്തിചേര്‍‍ന്നപ്പോള്‍ ‍ ആ ദിവ്യതേജസ്സ് പഴയബാലന്‍റെ രൂപത്തില്‍ ‍ സ്വാമികള്‍ക്ക് ദര്‍‍ശനമരുളി ഉടന്‍ ‍തന്നെ തന്‍റെ ആരാധ്യനായ വിഷ്ണു ഭഗവാന്‍റെ ദര്‍‍ശനവും അദ്ദേഹത്തിനുണ്ടായി . തന്‍റെ കൃത്യമോര്‍‍ത്ത് മനസ്താപം പൂണ്ട സ്വാമികളെ ഭഗവാന്‍‍ സാന്ത്വനിപ്പിച്ചു. “കാലത്തിന്‍റെ നിയോഗമനുസരിച്ചു നാം നടക്കണം .അതുകൊണ്ടാണ് ഈ സംഭവം നടന്നത്. ഇതില്‍ ‍ നിന്‍റെ ഭാഗത്തു തെറ്റൊന്നുമില്ല . നീ ഒരു നിമിത്തം മാത്രമാണ് ” എന്ന അശരീരി കേട്ടപ്പോള്‍ ‍ സ്വാമികള്‍ക്ക് ദിവ്യജ്ഞാനമുണ്ടായി . ഈ സമാഗമം നടന്ന സ്ഥലമാണ് “അനന്തന്‍കാട്”. പിന്നീട് ഇതു തിരുവനന്തപുരം എന്ന പേരില്‍ ‍ പ്രശസ്തമായി . സ്വാമികള്‍ക്ക് കാലത്തിന്‍റെ മഹിമയുടെ ബോധമുണ്ടാക്കിയ ശ്രീ പദ്മനാഭസ്വാമി ശയിക്കാന്‍ ‍ മുതിര്‍‍ന്നപ്പോള്‍ ‍ അഞ്ചുഫണം വിടര്‍‍ത്തി ഒരു സര്‍‍പ്പം തന്‍റെ മുകളില്‍‍ കിടക്കാന്‍‍ അപേക്ഷിച്ചു. അതിന്‍‍ പ്രകാരം ഭഗവാന്‍‍ ആദിശേഷനായ അനന്തന്‍റെ മേല്‍ ശയിച്ചു. ഈ ധന്യ മുഹൂര്‍‍ത്തത്തില്‍‍ പ്രകൃതിയിലും സുന്ദരമായ മാറ്റങ്ങള്‍‍ കാണപ്പെട്ടു. ആകാശവും ഭൂമിയും ഈ സന്തോഷത്തില്‍‍ പങ്കാളികളായി. പക്ഷിമൃഗാദികള്‍‍ ഭക്ത്യാദരപൂര്‍വ്വം ശ്രീമന്നാരായണനെ സ്തുതിച്ചു. സാഗരകല്ലോലങ്ങള്‍‍ തങ്ങളുടെ അട്ടഹാസംനിര്‍‍ത്തി ഭഗവാന്‍റെ ഇരിപ്പിടത്തിനു വാസസ്ഥലമൊരുക്കി. ദൈവിക ചൈതന്യത്തിന്‍റെ മായികവിലാസങ്ങളില്‍‍ ആനന്ദസ്തബധനായി നോക്കി നിന്ന സ്വാമികള്‍‍ ഉടനെ സമീപത്തുള്ള മാവില്‍ ‍നിന്ന് ഒരു മാമ്പഴം പറിച്ചെടുത്തു ചിരട്ടയില്‍‍ ഭഗവാന് നിവേദിച്ചു. ഇതിന്‍റെ സ്മരണ നിലനിര്‍ത്താനായി തിരുവനന്തപുരത്ത് ശ്രീ പദ്മനഭാസ്വാമിക്ക് ഇപ്പോഴും ഒരു മാമ്പഴം ദിവസവും നിവേദിക്കാറുണ്ട്. ഭഗവാന്‍റെ നിര്‍‍ദേശമനുസരിച്ച് സ്വാമികള്‍‍ തിരിച്ച് ഇവിടെ വന്നു അനന്തപുരത്ത്‌ ശ്രീ അനന്തപദ്മനാഭ സ്വാമിയെ ഭയഭക്തിയോടെ പൂജിച്ച് കുറേകാലം ജീവിച്ചുവെന്നാണ് ഐതിഹ്യം.

മൊഗ്രാലിനുസമീപം നാങ്കുഴി എന്ന സ്ഥലത്ത് മേല്‍പറഞ്ഞ സംഭവത്തിന്‍റെ പ്രതീകമായി കറുത്ത കല്ലുകൊണ്ടു ചെത്തിയ രണ്ടുപാദത്തിന്‍റെ ആകൃതി ഇപ്പോഴും കാണാന്‍‍ കഴിയും. ചുറ്റും അന്യമതക്കാരുണ്ടെങ്കിലും മതിലുകളാല്‍‍ സംരക്ഷിച്ചുനിര്‍‍ത്തിയിട്ടുള്ള ആ പ്രദേശത്ത് ഭയഭക്തിമൂലം അതികമാരും പോകാറില്ല. യാതൊരു മനുഷ്യപ്രയത്നത്തിന്‍റെയും അടയാളമില്ലാത്ത ദിവ്യതേജസ്സ് കാണപ്പെട്ട ആ ഗുഹ അനന്തപുരം ക്ഷേത്രത്തില്‍ ഭക്തിപൂര്‍‍വ്വം സംരക്ഷിക്കപ്പെട്ടുവരുന്നു. ഗുഹയുടെ മധ്യഭാഗത്ത്‌ ഒരു ചെറിയ കുഴിയുണ്ട്‌. ഏങ്കദേശം മൂന്നടി ആഴമുള്ള ഈ കുഴിയില്‍‍ എല്ലായ്പ്പോഴും ശുദ്ധജലം ഉണ്ടായിരിക്കും വില്വമംഗല സ്വാമികള്‍ ഇവിടെ തപസ്സുചെയ്തിരുന്നുവെന്നും തീര്‍‍ത്ഥമായി ഈ കുഴിയിലെ ജലം ഉപയോഗിച്ചിരുന്നുവെന്നുമാണ് ഐതിഹ്യം.ഈ ജലം പവിത്രമായി സംരക്ഷിക്കുന്നതിനുവേണ്ടി ഭക്തരെ ആരെയും അങ്ങോട്ടു കടത്തി വിടാറില്ല. കാട്ടുകല്ലിനാല്‍‍ നിര്‍‍മ്മിക്കപ്പെട്ട ഈ ഗുഹയ്ക്ക് മുകളിലെ ‍ ശ്രീഗണപതിയുടെ ശ്രീകോവിലുണ്ട്. കാലഗര്‍‍ഭത്തിലെ ‍അടങ്ങിയിട്ടുള്ള എത്രയോ രഹസ്യങ്ങളുടെ മായാത്തമുദ്രകളും ആശചര്യകരമായ സംഭവങ്ങളും വെളിപ്പെടുത്തുന്ന ഈ ഗുഹ തീര്‍‍തഥാടകരുടെ മനസ്സില്‍‍ ചിരസ്ഥായിയായി നിലകൊള്ളുന്നു.

നമസ്കാര മണ്ഡപത്തിന്‍റെ ഇടതുവശത്തുകൂടി ഭഗവാനെ ദര്‍‍ശിക്കാന്‍ സൗകര്യമുണ്ട്. ഇടതുഭാഗത്ത് തന്നെ തിടപ്പള്ളി കുളത്തില്‍തന്നെയാണ്. കരിങ്കല്ലുകൊണ്ട് പാലം പണിതാണ് സോപാനത്തിനുമുന്നില്‍ ‍നിന്നു ഭഗവദ്ദര്‍‍ശനത്തിനു സൗകര്യമൊരുക്കിയിട്ടുള്ളത്. പാലത്തിനടിയിലൂടെ വെള്ളം ഒഴുകുന്നതുകൊണ്ട് ശ്രീകോവിലിനു ചുറ്റും വെള്ളമാണ്. സോപാനത്തിലൂടെ അകത്തു കയറിയാല്‍ മുഖ മണ്ഡപത്തിലെത്തും.മുഖമണ്ഡപം പവിത്രമായി സൂക്ഷിക്കേണ്ടതുണ്ട്. ഭഗവാന്‍റെ അഭിഷേകം ഇവിടെ വെച്ചാണ് നടത്തുന്നത്. വൃക്ഷഭരാശിയില്‍‍ വൈകുണ്ഡം സാദൃശ്യമായ കരിങ്കല്ലുകൊണ്ടുള്ള അഭിഷേകപീഠം ഇവിടെ കാണാന്‍‍ സാധിക്കും. അഭിഷേകം ചെയ്ത ജലം മുഴവനും നേരെ കുളത്തില്‍‍ വീഴുന്നതുകൊണ്ട് കുളത്തിലെ മുഴവന്‍ ജലവും തീര്‍‍ത്ഥംതന്നെയാണ്. മുഖമണ്ഡപത്തിനു സമീപം ഇടത് വശത്ത് ഒരു ചെറിയ കിണര്‍ കാണപ്പെടുനുണ്ട് . പൂജാരി അഭിഷേകത്തിനും നൈവേദ്യത്തിനും വേണ്ട ശുദ്ധജലം ഈ കിണറ്റില്‍ നിന്നാണ് എടുക്കുനത് .

നവഗ്രഹബിംബങ്ങള്‍ മരത്തില്‍കൊത്തി ഒമ്പത് കള്ളികളിലായി പണിതീര്‍ത്തതാണ് മുഖമണന്ധപത്തിന്‍റെ മേല്‍ക്കൂര . ഇതിനെ ശംഖ് ,ചക്രം ,അഭയ ,വരദ എന്നി മുദ്രകള്‍ കൊത്തിവെച്ച നാല് കരിങ്കല്‍സ്തംഭാങ്ങളാല്‍ താങ്ങിനിര്‍ത്തി യിരിക്കുന്നു . മുഖമണന്ധപം കഴിഞ്ഞാല്‍ ഒരു ഇടനാഴിയിലേക്കാണ് പ്രവേശിക്കുനത് . ദൈവീക ചൈതന്യം പുറം ലോകത്തേയ്ക്ക് പ്രസരിപിക്കാന്‍ ഈ ഇടനാഴി പ്രധാന പങ്കുവഹിക്കുനുണ്ട്. ശ്രീകൊവിലിലേയ്ക്ക് പ്രവേശിക്കുന്ന പ്രധാന കവാടത്തിന്‍റെ ഇരുഭാഗത്തുമായി ജയവിജയന്മാരെകാണാം . ദ്വാരപാലകന്മാരായ ജയവിജയന്മാര്‍ ഭഗവാന്‍റെ ആജഞ ശിരസാവഹിക്കാന്‍ നില്‍ക്കുന്ന ഭാവത്തിലാണെന്നു തോന്നിപോകും . അകത്ത് സാക്ഷാല്‍ വൈകുണ്ട സാദൃശ്യമായ ശ്രീകോവില്‍ . ചുറ്റിലും വെള്ളം . ഇതുതന്നെയാണ് ക്ഷീരസാഗരം . അതിനുമധ്യത്തിലായി ആശ്രിതവത്സലനായ സാക്ഷാല്‍ വിഷ്ണുഭഗവാന്‍ അനന്തനുമേലെ ഉപവിഷ്ടനായിരിക്കുന്ന ദൃശ്യം ഭക്തനെആനന്ദത്തിലാറാടിക്കുന്നു . അനന്തന്‍ തന്‍റെ അഞ്ചുഫണങ്ങള്‍ വിടര്‍ത്തി ശ്രീ അനന്തപദ്മനാഭ സ്വാമിയെ ഒരു കുടപോലെ സംരക്ഷിക്കുന്നു . ഇരുവശത്തും ശ്രീദേവിയുടെയും ഭൂദേവിവിയുടെയും വിഗ്രഹങ്ങള്‍ . ഭക്തിപൂര്‍വ്വം ഭഗവാനെ നമസ്കരിക്കുന്ന ഗരുഡനും ഹനുമാനും ഉത്തമ ദാസന്‍മാരുടെ പ്രതീകങ്ങളാണ് . ഇടതു വലതു വശങ്ങളിലെ ചുമരിന്മേല്‍ ചാമരം വീശുന്ന നാഗകന്യകമാര്‍ . ഇങ്ങനെ ഏഴു വിഗ്രഹങ്ങള്‍ ശ്രീകോവിലിലുണ്ട് . എല്ലാ വിഗ്രഹങ്ങളും പുരാതന വാസ്തുശാസ്ത്രവിധിപ്രകാരമുള്ള കടുശര്‍ക്കരയോഗത്താല്‍ നിര്‍മ്മിതമാണ് . ഏകാന്തമായ സന്നിവേശം ; കൃപാരസ പൂര്‍ണ്ണമായ ഭാവങ്ങള്‍ ,ഭക്തിസാന്ദ്രമായ അന്തരീക്ഷം , പുരാണകഥകളിലെ അമൂര്‍ത്ത രൂപങ്ങളുടെ സാക്ഷാത്കാരം . ദര്‍ശനത്തിനു എത്തുന്ന ഭക്തന്‍റെ മനംകുളിര്‍ക്കാന്‍ ഇതില്‍പ്പരം മറ്റെന്താണ് വേണ്ടത് .

കടുശര്‍ക്കരയോഗ വിഗ്രഹങ്ങള്‍

ഹൈന്ദവദേവബിംബങ്ങള്‍ പലരൂപത്തില്‍ കണ്ടുവരുന്നു . വിവിധദ്രവ്യങ്ങള്‍കൊണ്ട് നിര്‍മ്മിക്കപ്പെടുന്ന ഇത്തരംരൂപങ്ങള്‍ക്ക്‌ ഓരോന്നിനും അതിന്‍റെതായ സവിശേഷതകളുണ്ട് . പൂജാക്രമങ്ങള്‍ ,ബിംബങ്ങള്‍ ,അനുഷ്ഠാനകര്‍മ്മങ്ങള്‍ ,ഉച്ചരിക്കുന്ന മന്ത്രങ്ങള്‍ എന്നിവ ഓരോന്നിനും വ്യത്യസ്തങ്ങളാണ് . ശില്പശാസ്ത്ര വിധിയനുസരിച്ച് ഭഗവാന്‍റെ വിഗ്രഹങ്ങള്‍ പല ദ്രവ്യങ്ങളാല്‍ ഉണ്ടാക്കുകയാണ് പതിവ്. ലോഹം ,മരം,മണ്ണ് മുതലായ ദ്രവ്യങ്ങളാല്‍ ഉണ്ടാക്കിയ ബിംബങ്ങളെ നാം സാധാരണയായി കാണാറുള്ളു . എന്നാല്‍ കടുശര്‍ക്കരയോഗമെന്ന പുരാതന വിഗ്രഹശൈലി അതിവിരളമായേ കാണാന്‍ സാധിക്കു . മുനിശ്രേഷ്ടന്‍മാരുടെ തപോശക്തിമൂലം ഭഗവാന്‍റെ അസ്തിത്വം അതിന്‍റെ സിദ്ധാന്തമനുസരിച്ച് പരിവര്‍ത്തനം ചെയ്തപ്പോള്‍ ഉണ്ടായ ശൈലിയാണ് ഈ കടുശര്‍ക്കരയോഗം . പേരുപോലെത്തന്നെ കഠിനമായ നിര്‍മാണരീതിയാണ് ഇതിനുപിന്നിലുള്ളത് . പ്രധാന ക്ഷേത്രത്തിലെ വിഗ്രഹങ്ങളെല്ലാം കടുശര്‍ക്കരയോഗത്തിലുള്ളതാണ് .അനന്തപുരം ക്ഷേത്രത്തിലെ പുരാതന വിഗ്രഹങ്ങള്‍ ആയിരത്തിയിരുന്നുറു വര്‍ഷം പഴകമുള്ള കടുശര്‍ക്കരയോഗത്താല്‍ നിര്‍മ്മിതമായതുകൊണ്ട് കാലപഴക്കത്താല്‍ ചില ന്യുനതകള്‍ കണ്ടുവന്നിരുന്നു . 1976 ല്‍ നടന്ന നവീകരണ കലശത്തിന്‍റെ ഭാഗമായി ഈ പുരാതന വിഗ്രഹങ്ങള്‍ ശ്രീകോവിലില്‍നിന്നെടുത്തു ജലാധിവാസം ചെയ്തു . ഈ സ്ഥാനത്ത് പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കുകയും ചെയ്തു . ഗരുഡന്‍റെയും ഹനുമാന്‍റെയും വിഗ്രഹങ്ങള്‍ ശിലയില്‍ തീര്‍ത്തു പ്രതിഷ്ടിക്കുകയും ചെയ്തു . നാഗകന്യകമാരുടെ രൂപങ്ങള്‍ മരംകൊണ്ടു പണിത് ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചു . കലശത്തിനുശേഷം കണ്ട ദോഷ പരിഹാരത്തിനായി ദേവപ്രശ്ന്നം നടത്തിയപ്പോള്‍ അതില്‍ വിഗ്രഹമാറ്റം പ്രധാന ദോഷമായിക്കണ്ടു . ദേവാലയ നിര്‍മ്മാണത്തിലും ചിലദോഷങ്ങള്‍ കണ്ടുവന്നു . മാത്രമല്ല പൂര്‍വ്വ സ്ഥിതിയില്‍ ഉണ്ടായിരുന്ന കടുശര്‍ക്കരപാകത്തില്‍ തന്നെ ഏഴു വിഗ്രഹങ്ങളും നിര്‍മ്മിക്കണമെന്നും പ്രശ്നത്തില്‍ കണ്ടു .പുരാതന ശൈലിയിലുള്ള ഈ നിര്‍മ്മാണ രീതിയെക്കുറിച്ച് അജഞരായിരുന്ന അന്നത്തെ ആളുകളെല്ലാം ചേര്‍ന്ന് വീണ്ടുമൊരു ദേവപ്രശ്നംനടത്തി . ഇപോഴുള്ള പഞ്ചലോഹ വിഗ്രഹത്തില്‍ തന്നെ ദൈവിക ചൈതന്യം ആവാഹിക്കാന്‍ അനുവാദമുണ്ടോയെന്നു പ്രശ്നത്തില്‍ നോക്കി . എന്നാല്‍ രണ്ടാമത്തെ അഷ്ടമംഗല്യ പ്രശ്നത്തിലും ആദ്യം കണ്ടദോഷങ്ങള്‍ തന്നെ ആവര്‍ത്തിച്ചു . പഞ്ചലോഹവിഗ്രഹം മാറ്റിയെ തീരു എന്ന് ഇതോടെ ബോദ്ധ്യമായി .

ശ്രീകോവില്‍ നവീകരണം ,ദേവാലയത്തിലെ മറ്റു നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം സവിശേഷമായ ചില ആചാര വിധിവിധാനങ്ങള്‍ക്ക് അനസൃതമാണ് . ഒട്ടുമിക്ക ദേവാലയങ്ങളിലും ഏകബേരവിധാനമെന്ന പ്രത്യേക അഭിഷേക രീതിയാണ്‌ നടന്നു വരുന്നത്‌ . എന്നാല്‍ ബഹുബേരവിധാനങ്ങള്‍ നടക്കുന്ന അത്യപുര്‍വ്വം ദേവാലയങ്ങളിലോന്നാണ് അനന്തപുരം ശ്രീ അനന്തപദ്മനാഭസ്വാമിക്ഷേത്രം . ഇവിടെ പ്രാചീനകാലംതോട്ടെ ഈ രീതിയാണ്‌ നിലവിലുള്ളത് . ഏകാബേരവിധാനത്തില്‍ പ്രതിഷ്ഠചെയ്ത വിഗ്രഹങ്ങളില്‍ അഭിഷേകവും പൂജയും നടത്താറുള്ളത് . മാത്രമല്ല ഇതുരണ്ടും ശ്രീകോവിലിനുള്ളില്‍ വെച്ചാണ്‌ നടത്തുന്നത് .എന്നാല്‍ ബഹുബേര വിധാനത്തില്‍ പ്രതിഷ്ഠചെയ്ത വിഗ്രഹങ്ങളില്‍ അഭിഷേകം പതിവില്ല . എന്നാല്‍ അഭിഷേക വിഗ്രഹങ്ങള്‍ പ്രത്യേകമായുണ്ട് . ശ്രീ കോവിലില്‍നിന്നു ഇതിനെ പുറത്തുകൊണ്ടുവന്നു അഭിഷേകം ചെയ്തു വീണ്ടും യഥാസ്ഥാനതുവെച്ചു പൂജചെയ്യുകയാണ് പതിവ് . ഇവിടെ ആത്മാവും ദേഹവും വേറെവേറെയായിട്ടാണിരിക്കുന്നത് എന്നാണ് സങ്കല്‍പം . എന്നാല്‍ ഏകബേരവിധാനത്തില്‍ ദേഹിയും ദേഹവും ഒരേ വിഗ്രഹത്തിലാണ് . സ്നാനം ,ജപം ,തപം തുടങ്ങിയ പൂജാദികര്‍മ്മങ്ങള്‍ ആത്മാവിനു സമര്‍പിച്ചു പൂജയുടെ അവസാനം ഈ ആത്മാവിന്‍റെ ദൈവിക ചൈതന്യം ദേഹത്തേക് ആവാഹിക്കേണ്ടതുണ്ട് . ഭക്തജനങ്ങളുടെ മനോഭിലാഷങ്ങള്‍ പുര്‍ത്തീകരിക്കുനത് ഈ ദേഹത്തില്‍കൂടിയാണ് . അതായത് പ്രധാന പ്രതിഷ്ഠയില്‍ക്കുടിയെന്നു വ്യംഗ്യം .

കടുശര്‍ക്കരയോഗത്തില്‍ ഉള്ള വിഗ്രഹങ്ങള്‍ നിര്‍മ്മിച്ച്‌ ,പ്രതിഷ്ഠിച്ചു ബഹുബേരവിധാനത്തില്‍ പൂജ ചെയ്യണമെന്നാണ് പ്രശ്നവിധി .എന്നാല്‍ ഇത് നിര്‍മ്മിക്കുന്ന ശില്പിയെക്കുറിചോ , ആവശ്യമായി വരുന്ന ദ്രവ്യങ്ങളെകുറിച്ചോ യാതൊരു അനുഭവ ജ്ഞാനാവുമില്ലാതെ ഭക്തജനങ്ങള്‍ വിഷമ വൃത്തത്തിലായി . പിന്നിടുള്ള ദിവസങ്ങളില്‍ അറിവുള്ളവരോട് ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങി . എങ്കിലും ശിലപിയെകുറിച്ച് യാതൊരു സൂചനയും ലഭിക്കാതിരുന്നതിനാല്‍ മൂന്നാമതും അഷ്ടമംഗല പ്രശ്നം വേണ്ടിവന്നു . ഈ പ്രശ്നം വെച്ചപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടി . ഇത് ഭക്തരെ ആശ്വസിപ്പിച്ചു . വാസ്തുശില്പിയെ പ്രശ്നം മുഖേന നിര്‍ണ്ണയിക്കപെട്ടു . കോട്ടയം ജില്ലയിലെ വേലാപ്പറമ്പില്‍ ശ്രീ പരമേശ്വരന്‍ നമ്പുതിരി എന്നയാള്‍ കേരളത്തിലെ പ്രഗത്ഭനായ വാസ്തു ശില്പ്പിയാണെന്നും ജ്ഞാനവൃദ്ധനും വയോവൃദ്ധനുമായ ഈ ശില്പ്പിയെക്കണ്ട് അപേക്ഷിച്ചാല്‍ ഈ മഹാകാര്യത്തിന്‍റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കുമെന്നും ദേവപ്രശ്നത്തില്‍ കണ്ടതനുസരിച്ചു അദ്ദേഹത്തെ സമീപിച്ച് വിവരങ്ങള്‍ ധരിപ്പിച്ചു . ശിലപികള്‍ യാതൊരു ഉപേക്ഷയും കൂടാതെ ഇക്കാര്യത്തിനുവേണ്ട മാര്‍ഗ്ഗനിര്‍ദേശം നല്‍കി . കേരളത്തിലെ പ്രശസ്ത രാജശില്പി എന്നാ പട്ടം അലങ്കരിക്കുന്ന ബ്രഹ്മമംഗലം ശ്രീ സുബ്രഹ്മണ്യ ആചാരിയെ സമീപിക്കാന്‍ ഉപദേശിച്ചു .

ധന്യമുഹൂര്‍ത്തത്തിന്‍റെ നിര്‍വൃതിയില്‍

വാസ്തുശിലപി ശ്രീ പരമേശ്വരന്‍ നമ്പൂതിരിയുടെ ഉപധേശമനുസരിച്ചു ക്ഷേത്രഭാരവാഹികള്‍ ബ്രഹ്മമമംഗലത്തെ ശ്രീ സുബ്രമണ്യ ആചാരിയെ കാണുവാന്‍ പോയി. പടുവൃദ്ധനായ ശ്രീ സുബ്രമണ്യ ആചാരിയുടെയും (83)അദ്ദേഹത്തിന്‍റെ മക്കളുടെയും മുമ്പില്‍ ഞങ്ങള്‍ ആഗമനനോദ്ദേശ്യം അറിയിച്ചു. ഞങ്ങളുടെ ആവശ്യം ഗ്രഹിച്ചശേഷം ഏതോ ധന്യതയുടെ നിമിഷം കൈവന്നപോലെ, ആ വൃദ്ധന്‍റെ കണ്ണുകളിലുടെ ആനന്ദബാഷ്പം നിറഞ്ഞൊഴുകി. മക്കളും അവാച്യമായ ഏതോ ഒരു സന്തോഷം അനുഭവിക്കുന്നതുപോലെ തോന്നി. അല്‍പനേരം മൌനം ഭജിച്ച അദ്ദേഹം ഇപ്പ്രകാരം പറഞ്ഞു.“ഞാനും മക്കളും സാധാരണയായി നമ്മുടെ ജോലിയെകുറിച്ചുള്ള ചര്‍ച്ച നടത്തുക പതിവാണ്. വിവിധ വിഗ്രഹങ്ങള്‍ നമ്മുടെ കമ്മട്ടത്തില്‍ രൂപം കൊണ്ടിട്ടുണ്ടെങ്കിലും ശില്പശാസ്ത്രത്തില്‍‘കടുശര്‍ക്കരയോഗം’എന്നാ ഒരു ശൈലിയും കൂടി നിലവിലുണ്ടെന്നും ആരെങ്കിലും വന്നപേക്ഷി ച്ചാല്‍ നിങ്ങള്‍ ചെയ്തുകൊടുക്കണമെന്നും ഒരാഴ്ച മുമ്പ് അവരോടു പറഞ്ഞ സന്ദര്‍ഭം ഓര്‍മ്മിക്കുകയായിരുന്നു ഞാന്‍. ഈ മഹാഭാഗ്യം കൈവന്നതില്‍ ഞാന്‍”കൃതാര്‍ത്ഥനാണ്”എന്നദ്ദേഹം കൂട്ടി ച്ചേര്‍ത്ത്.അദ്ദേഹത്തിന്‍റെ പൂര്‍വ്വികര്‍ പത്തുതലമുറമുമ്പുള്ളവര്‍ പോലും ഇയൊരു ശൈലിയില്‍ ശില്‍പം നിര്‍മ്മിച്ചതായി അറിവില്ലെന്നും ശില്പി ഞങ്ങളോട് വെളിപെടുത്തി. കൂടാതെ പത്തുതലമുറകളായി കൈമാറി സൂക്ഷിച്ചുവെച്ചിട്ടുള്ള‘കടുശര്‍ക്കരയോഗ വിധവിധാനം’ എന്ന സംസ്കൃത ഗ്രന്ഥവും അദ്ദേഹം ഞങ്ങളെ കാണിക്കുകയുണ്ടായി. ഭഗവാന്‍റെ ലീലയുടെ മഹത്വം, ധന്യനിമിഷത്തിന്‍റെ മൌനം, ഔന്നത്യമാര്‍ന്ന ദൈവീകചിന്തകള്‍, കാലചക്രത്തിന്‍റെ പരിണാമമനുസരിച്ചുള്ള ആഗോചരശക്തിയുടെ പ്രഭാവം എന്നിവ ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു. ശിലപികളെ ക്ഷേത്രത്തിലേക്ക് ആനയിക്കപ്പെട്ടു. ശ്രീകോവില്‍ ദര്‍ശിച്ച് നിര്‍മ്മിക്കേണ്ട ശിലപത്തെക്കുറിച്ചു ധാരണയുണ്ടായി. പിന്നെയും ഒരു ചോദ്യം ബാക്കിയായി. എത്ര ഉയരത്തിലുള്ള വിഗ്രഹമാണ്‌ നിര്‍മ്മിക്കേണ്ടത്‌? അവിടെയും ഞങ്ങള്‍ക്ക് ഉത്തരമുട്ടി.കാരണം വിഗ്രഹത്തിന്‍റെ ഉയരത്തെക്കുറിച്ചോ ആകൃതിയെക്കുറിച്ചോ ഞങ്ങള്‍ക്ക് യാതൊരുവിധ അറിവും ഉണ്ടായിരുന്നില്ല. ഇക്കാര്യം കൈകൂപിക്കൊണ്ട് ഞങ്ങള്‍ ശിലപികളെ അറിയിച്ചു. ചിന്താധീനരായ വാസ്തുശൈലിയിലും വിഗ്രഹശിലപിയും ചര്‍ച്ച ചെയ്ത ശേഷം, മുമ്പുണ്ടായിരുന്ന കടുശര്‍ക്കരയോഗത്തിലുള്ള വിഗ്രഹമെവിടെയെന്നു അന്വേഷിച്ചു. അവയെ ജലാധിവാസം ചെയ്ത കുളത്തിന്‍റെ ഭാഗം കാണിച്ചുകൊടുത്തു. മുങ്ങിയെടുക്കാന്‍ കഴിവുള്ളവരുണ്ടോയെന്നും അവര്‍ ആരാഞ്ഞു. എന്നാല്‍ കുളത്തില്‍ മുതലെയുണ്ടെന്നറിഞ്ഞ നിമിഷം അവര്‍ സ്തബ്ധരായിനിന്നുപോയി.“അതെയോ, എന്നാല്‍ ഇത് സാധാരണ അമ്പലമല്ല. സാക്ഷാല്‍ വൈകുണ്ഡന്‍ തന്നെ ”എന്ന് പറഞ്ഞു. ഞങ്ങളെ ഒട്ടും നിരാശപെടുത്താതെ,ഭഗവാന്‍റെ മുതലയായതുകൊണ്ട് ഭഗവത് കാര്യങ്ങള്‍ക്കു തടസമുണ്ടാക്കിലെന്നു പറഞ്ഞ് അവര്‍ ആശ്വസിപിച്ചു. ഈ വാക്കുകളില്‍ വിശ്വസംപൂണ്ട ഒരു ഭക്തന്‍ വെള്ളത്തിലിറങ്ങി മുങ്ങിനോക്കി. കയ്യില്‍ നീളമേറിയ ഒരു തടിക്കഷണവുമായി അയാള്‍ പൊങ്ങി വന്നു. അതുകണ്ടു ശിലപികള്‍ രണ്ടുപേരും “മതി,അതുതന്നെയാണ് ഞങ്ങള്‍ക്ക് വേണ്ടത്. അതുതന്നെയാണ് ശൂലം.” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. കരയില്‍ എത്തിച്ച ആ ശൂലം പരിശോധിച്ച് അതിന്‍റെ വൈ ശിഷ്ട്യത്തെക്കുറിച്ച് എല്ലാവര്‍ക്കും മനസിലാക്കിക്കൊടുത്തു. ഇതുക്കിട്ടിയാല്‍ വിഗ്രഹത്തിന്‍റെ നീളം , വീതി ,വണ്ണം ഇവ കണക്കാക്കാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു. ഒരു വലിയ പ്രശ്നത്തിന് സമധാനമായെന്നു ഞങ്ങള്‍ ആശ്വസിച്ചു ഏതോ ഒരു ശുഭ കാര്യം നടക്കുന്നുവെന്ന ചിന്തയാല്‍ മനസ്സിന് ഉത്സാഹവും തോന്നി. പിന്നിടുള്ള നാലുവര്‍ഷം കഠിനരീതിയിലുള്ള’കടുശര്‍ക്കരയോഗത്തിലുള്ള’വിഗ്രഹനിര്‍മ്മാനം ഞങ്ങളുടെ കണ്ണ്‍മുമ്പില്‍ വെച്ചുതന്നെ നടന്നു.

കടുശര്‍ക്കരയോഗവിധി

മുനിശ്രേഷ്ടന്മാരുടെ സിദ്ധന്തമനുസരിച്ചുള്ള ഈ വിഗ്രഹ നിര്‍മ്മാണ രീതിയില്‍ വിഗ്രഹത്തെ ജീവനുള്ള മനുഷ്യ ശരീരമായി സങ്കല്പിക്കുന്നു. എല്ലാ ശരീരഭാഗങ്ങളും സാങ്കേതികമായി നിര്‍മ്മിച്ച് അവയ്ക്ക് പൂര്‍ണരൂപം കൊടുക്കുകയെന്നതാണ് ഇതിന്‍റെ ആശയം. ജീവനുള്ള ശരീരം കര്‍മ്മനിരതമാവണമെങ്കില്‍ എല്ലാ അംഗങ്ങളും ശരിയായി ആരോഗ്യപൂര്‍ണ്ണമാവേണ്ടതുണ്ട്. അതുപോലെയാണ് വിഗ്രഹത്തിന്‍റെ സ്ഥിതിയും. ആരോഗ്യപൂര്‍ണ്ണമായ മനുഷ്യ ശരീരമാണെന്ന ഭാവത്തോടെയാണ് ശിലപികള്‍ ഇതിനെ കണക്കാക്കുന്നത്. തല, ശരീരം,കൈകാലുകള്‍ തുടങ്ങിയ ബാഹ്യാംഗങ്ങള്‍ മാത്രം ഉണ്ടെങ്കില്‍ ഈ പൂര്‍ണത സാധ്യമല്ല. ശരീരത്തിന്‍റെ അന്തര്‍ഭാഗത്തുള്ള അസ്ഥിപഞ്ജരം, നാഡികള്‍, മാംസം തുടങ്ങിയവയെക്കൂടാതെ ആഭരണങ്ങളും വിഗ്രഹത്തിന്‍റെ സവിശേഷതയാണ്. ഏകദേശം 64 ആയുര്‍വേദ ഔഷധികള്‍ ഉള്‍പ്പെടെ 108 വസ്തുക്കള്‍ ഉപയോഗിച്ച് വിഗ്രഹനിര്‍മ്മാനം പൂര്‍ത്തികരിക്കേണ്ടത്തുണ്ട്. 64 സസ്യജന്യ – പ്രാണിജന്യ ഔഷധികളും ബാക്കിയുള്ള വസ്തുക്കള്‍ നിര്‍മ്മാണ കാര്യത്തിനുപയോഗിക്കുന്ന ഉപകരണങ്ങളുമാണ്. ഉപകരണങ്ങളില്‍ അത്യാവശ്യമായിട്ടുള്ളവ മണ്‍പാത്രം, അരകല്ല്, കത്തി, അരക്ക്, ലെപനസാമാഗ്രികള്‍, പ്രത്യേകമായ അടുപ്പ്, ചെമ്പ്, തകിട് , ആണികള്‍,സ്വര്‍ണവെള്ളിനൂലുകള്‍, കയര്‍, പൊടിക്കാനുള്ള പാത്രം, പാകംചെയ്യനുള്ള പാത്രങ്ങള്‍, അരിക്കാനുള്ള തുണികള്‍, കല്ലുകള്‍, മരങ്ങള്‍ തുടങ്ങിയവയാണ്.

പാകത്തിനുപയോഗിക്കുന്ന വസ്തുക്കള്‍

ത്രിവേണി സംഗമത്തിലെ മണ്ണ്, ഗംഗാതടത്തിലെ മണ്ണ്, ഗംഗാതീര്‍ത്ഥം, ത്രിവേണി സംഗമത്തിലെ ചുവന്നകല്ല്, കറുപ്പ് കല്ല്, കാവിക്കല്ല്, കോഴിപ്പരല്‍ (ഭാരതപുഴയുടെ ആഴംകൂടിയ പ്രദേശങ്ങളില്‍ കണ്ടുവരുന്ന ഒരുതരം ചെളി, ഇത് ചെറിയ സ്പടികം പോലെ കാണപ്പെടുന്നു) മുത്തുച്ചിപ്പി, അരിച്ചെടുത്ത മണല്‍, ചന്ദനത്തിരി, ഗോരോചനം ഇവയെല്ലാം അന്യനാടുകളില്‍ നിന്നാണ് ശേഖരിചിട്ടുള്ളത്. അതുപോലെ തിരുവട്ടപശ, കൂവളത്തിന്‍ കായയുടെ പശ, പ്ലാവിന്‍റെ പശ, ഗുല്‍ഗുല്‍, കുന്തിരിക്ക തുടങ്ങിയ പ്രകൃതിജന്യ പശകള്‍, ചാഞ്ചല്യം, കോലരക്ക്, യവം, ഗോതമ്പ് ,ഉഴുന്ന്, കായത്തിന്‍റെ ഇല, പോന്നാരിത്താരം, അകില്‍, ത്രിപ്പലി, കുരുമുളക്, മഞ്ഞള്‍, രക്തചന്ദനം മുതലായ ഔഷധഗുണമുള്ള, പ്രകൃതിയില്‍ നിന്ന് കിട്ടുന്ന ഇത്തരം വസ്തുക്കളാണ് ഉപയോഗിച്ചിട്ടുള്ളത്.

പ്രാണ്യജന്യ വസ്തുക്കള്‍

പശുവിന്‍റെ പാല്‍, തൈര്, നെയ്യ്, ഗോരോചനം, കസ്തൂരി, മുത്തുച്ചിപ്പി, ശംഖ് എന്നിവ കൂടാതെ ആനകുത്തിയ മണ്ണ്, ഞണ്ട് മണ്ണ് കലപ്പ മണ്ണ്, പുറ്റ് മണ്ണ് മുതലായ വിശേഷ മണ്ണുകളും ആവശ്യമാണ്.

മണ്ണുകളുടെ സവിശേഷതകള്‍

ആനയ്ക്ക് മദംപൊട്ടുമ്പോള്‍ അതിന്‍റെ കൊമ്പുകൊണ്ട് നിലത്തു കുത്തിമറിക്കുന്നു. എല്ലാ സ്ഥലത്തും ആന കൊമ്പുകൊണ്ട് കുത്താറില്ല. ചില സ്ഥലത്തിന്‍റെ പ്രത്യേകതകൊണ്ട് ഘ്രാണിച്ചുനോക്കുമ്പോള്‍ ആനയ്ക്ക് കുത്താനുള്ള പ്രേരണയുണ്ടാകുന്നു . ആ വിഷിഷ്ടമണ്ണിനെ ശേഖരിച്ചു കടുശര്‍ക്കരപാകത്തിനു ഉപയോഗിക്കുന്നു. കാളകുത്തുന്ന മണ്ണിന്‍റെ സവിശേഷതെയും ഏതാണ്ട് ഇതുപോലെതന്നെയാണ്. സമുദ്രതീരത്ത് തിരയോടപം വരുന്ന ഞണ്ട് നിലത്ത്പറ്റി നില്‍ക്കുന്നു. അപ്പോള്‍ പ്രത്യേക മണമുള്ള സ്ഥലം കണ്ടുപിടിച്ചു അവിടെ ദ്വാരമുണ്ടാക്കി വസിക്കാന്‍ തുടങ്ങുന്നു. ആ ദ്വാരതില്‍നിന്നും ഒരു പിടി മണ്ണ് എടുക്കുന്നു. ആ മണ്ണിലും ഔഷധഗുണമുണ്ട്. പാടത്ത് ഉഴുതു മറിയ്ക്കുമ്പോള്‍ കലപ്പയില്‍ പറ്റിപിടിക്കുന്ന മണ്ണിനും പ്രത്യേകകതയുണ്ട്. ഈ മണ്ണിന് വിശേഷമായ ഒട്ടല്‍സ്വഭാവമുള്ളതുക്കൊണ്ട് കലപ്പയില്‍നിന്നും വേര്‍പെടുത്തിയെടുക്കേണ്ടതുണ്ട്. മേല്‍പറഞ്ഞാ വിശേഷവസ്തുക്കള്‍ ശേഖരിച്ചു മണ്ണ്പാത്രത്തില്‍ സൂക്ഷിച്ചുവെക്കും. എല്ലാ വസ്തുക്കളും പൊടിയക്കേണ്ടതുണ്ട്. ഈ സവിശേഷവസ്തുക്കളില്‍ അന്യവസ്തുക്കള്‍ കലരാതെ രഹസ്യമായി വേണം പൊടിക്കാന്‍. ഇങ്ങനെ ചെയ്യുമ്പോള്‍ ആരും അതിനെപറ്റി അധികം ചോദിച്ചറിയാന്‍ പാടുളതല്ല. പൊടിക്കുന്ന വ്യക്തി വൃത്തിയായി കുളിച്ചു ശുദ്ധമായി ഏകാഗ്രതയോടെ മാത്രമേ ഈ കാര്യം ചെയ്യാന്‍ പാടുള്ളൂ. സംസാരിക്കാനോ വിയര്‍പ്പു വീഴാനോ പാടില്ല. ഈ വസ്തുക്കള്‍ ശേഖരിച്ച ശേഷം പാകത്തിനനുസരിച്ചും വിഗ്രഹ നിര്‍മ്മാണത്തിന്‍റെ പലവിധ രീതിക്കനു സരിച്ചും ഉപയോഗിക്കേണ്ടതുണ്ട്.

പീഠ പ്രതിഷ്ഠ

ചുവന്നകല്ലുകൊണ്ടുള്ള പീഠമാണ് ഉപയോഗികുന്നത്. ഇതിനായി അനുയോജ്യമായ സ്ഥലത്തുനിന്നും നിശ്ചിത അളവിലുള്ള കല്ല്‌ വെട്ടിയെടുക്കണം. കല്ലിനെ ദൈവീക ഭാവനെയോടെ ശ്രദ്ധാപൂര്‍വ്വം ക്ഷേത്രാങ്കണത്തിലേക്ക് കൊണ്ടുവന്നു പണിതുടങ്ങേണ്ടതുണ്ട്. എല്ലാ ഭാഗത്തും ചെത്തിമിനുക്കിയ ശേഷം ശൂലത്തിനനുസരിച്ചുള്ള ദ്വാരം കല്ലിന്‍റെ മധ്യഭാഗത്തില്‍ ഉണ്ടാക്കണം. ഇപോള്‍ പീഠം പ്രതിഷ്ഠയ്ക്ക് യോഗ്യമായി. പിന്നീട് ഈ കല്ലിനെ ശുഭമുഹൂര്‍ത്തത്തില്‍ ശ്രീ കോവിലിനുള്ളില്‍ എത്തിച്ചു തന്ത്രികള്‍ നിശ്ചയിച്ച ഭാഗത്ത്‌ താന്ത്രികവിധിപ്രകാരം ശംഖിന്‍റെ പൊടിവിതറി ഗംഗാജലംകൊണ്ടു തളിച്ചാണ് പ്രതിഷ്ടികുന്നത്. പീഠത്തിനു യാതൊരുവിധ ഇളക്കവും ഉണ്ടാകാതിരിക്കാനാണ് ശംഖ്പൊടി വിതറുനത്. ഇതാണ് പീഠ പ്രതിഷ്ഠ.

വിഗ്രഹത്തിന്‍റെ ശൂലം

കടുശര്‍ക്കരയോഗ വിഗ്രഹ നിര്‍മ്മാണത്തില്‍ മനുഷ്യ ശരീരശാസ്ത്ര തത്വം അവലംബി ക്കേണ്ടതിന്‍റെ ആവശ്യകത നേരത്തെ സൂചിപ്പിച്ചുവെല്ലോ. ശരീരത്തിലെ അസ്ഥികളുടെ സ്ഥാനത്ത് കട്ടിയുള്ള മരം ഉപയോഗിച്ചുണ്ടാക്കുന്നതാണിത് നതാണിത്. ഇതില്‍ സാങ്കേതികമായി 206 അസ്ഥികള്‍ ചേര്‍ക്കേണ്ടതുണ്ട്. തലയോട്, കൈതോളുകളുടെ എല്ലുകള്‍,വയറിന്‍റെ ഭാഗത്തുള്ള എല്ലുകള്‍, തുടയെല്ല്, കാലില്ലെ എല്ലുകള്‍, കാല്‍വിരലുകളുടെ ഭാഗത്തുള്ള എല്ലുകള്‍ മുതലായവ ചേര്‍ക്കേണ്ടതുണ്ട്. ഈ മരം ഔഷധഗുണമുള്ള കതിര(കരിങ്ങാലിമരം)കൊണ്ടുള്ളതാണ്.

കരിങ്ങാലി മരം തെരഞ്ഞെടുക്കല്‍

ഭഗവാന്‍റെ വിഗ്രഹ നിര്‍മ്മാണത്തിന് ആരോഗ്യമുള്ള വലിയ, പച്ചയായ ഒരു കരിങ്ങാലി മരം വേണ്ടിവരുമെന്ന് വിഗ്രഹശിലപി പറഞ്ഞു. ഈ മരം അന്വേഷിച്ചു ക്ഷേത്ര ഭാരവാഹികള്‍ പുറപെട്ടു. കുറെ മരങ്ങള്‍ നോക്കിയെങ്കിലും പലകാരണങ്ങളാല്‍ കൊണ്ടും അവയൊന്നും സ്വീകാര്യമായില്ല. ഒരു മരത്തിനു ഏകദേശം 50,000/- കിട്ടണമെന്ന് പറഞ്ഞവരും ഉണ്ട്. മരം ഉദ്ദേശിച്ച വിധം എളുപത്തില്‍ കിട്ടാത്തതിനാല്‍ എല്ലാവരും ചിന്താധീനരായി. ഒരു ദിവസം‘പൈവളിഗെ’ എന്ന സ്ഥലത്തുനിന്നും ഒരാള്‍ ക്ഷേത്രത്തില്‍ വന്നു. വന്നയാള്‍ കരിങ്ങാലി മരത്തിന്‍റെ ആവശ്യകത ചോദിച്ചറിഞ്ഞു. ഉടനെ അയാള്‍ തുളു ഭാഷയില്‍ പറഞ്ഞതിന്‍റെ പൊരുള്‍ ഇതാണ്. “ഞങ്ങളുടെ പറമ്പില്‍ ഒരു വലിയ കരിങ്ങാലിമരമുണ്ട്. കുറെ ആളുകള്‍ വന്നുനോക്കിയിട്ടും വില ശരിയാകാത്തതുകൊണ്ട് കൊടുത്തില്ല. ഇപ്പോള്‍ ഈ ദേവകാര്യത്തിനുവേണ്ടിയാവാം അത് ഞങ്ങളുടെ പറമ്പില്‍ ശേഷിച്ചിരിക്കുന്നത്. നിങ്ങള്‍ പ്രശ്നത്തില്‍ നോക്കി ശരിയാവുമെങ്കില്‍ ആ മരം ഇവിടേയ്ക്ക് തരാം”. വില ചോദിച്ചപ്പോള്‍ നിങ്ങള്‍ മനസ്സറിഞ്ഞുതന്നതു തന്നാല്‍ മതിയെന്ന് അയാള്‍ പറഞ്ഞു. ഈ സംഭവം ഞങ്ങള്‍ക്ക് തേടിയവള്ളി കാലില്‍ ചുറ്റിയതുപോലെയായി. വളരെ ഉത്സാഹപൂര്‍വം പിറ്റേന് തന്നെ ഞങ്ങള്‍ പൈവള്ളിഗെയില്‍ മരം നോക്കാന്‍ പോയി. എല്ലാ ശുഭലക്ഷണങ്ങളും തികഞ്ഞ മരം ഞങ്ങളെ കൈമാടിവിളിക്കുന്നതുപോലെ തോന്നി. പ്രശ്നത്തില്‍ ദേവാനുഗ്രഹമുള്ള മരമായിരുന്നു അത്. പിന്നീടൊന്നും ആലോചിച്ചില്ല. നല്ല ഒരു ദിവസം നോക്കി വിധിയാംവണ്ണം മരംവെട്ടി ഘോഷയാത്രയോടെ ക്ഷേത്ര തന്ത്രികളോടൊപ്പം സന്നിധിയില്‍ എത്തിച്ചു. മരം താഴെവീഴുന്ന രീതി കണക്കാകേണ്ടത്ക്കൊണ്ട്‌ അതിന്‍റെ കണക്കെല്ലാം എഴുതിവെച്ചു. ദൈവാനുഗ്രഹം കൊണ്ട് എല്ലാം ഭംഗിയായി കലാശിച്ചു.

ഈ സംഭവത്തോടുകൂടി അഷ്ടമംഗലപ്രശ്നത്തില്‍ പറഞ്ഞ ഒരു കാര്യം ഓര്‍മ്മവന്നു. വിഗ്രഹ നിര്‍മ്മാണകാര്യത്തില്‍ ചണഡാലന്‍മാര്‍ മുതല്‍ ബ്രാഹ്മണര്‍ വരെയുള്ള ആളുകളുടെ സഹായം ആവശ്യമുണ്ടെന്നത്. കാടിനുള്ളില്‍ നിന്ന് മുമ്പു പാകസമയത്ത് ഔഷധികള്‍ ശേഖരിക്കുന്ന സമയത്തും ഈ വാക്ക് അന്വര്‍ത്ഥമായിവന്നു. ക്ഷേത്രത്തില്‍ കൊണ്ടുവന്ന കരിങ്ങാളിമരത്തെ വിധിയാംവണ്ണം പൂജാദി കര്‍മ്മങ്ങള്‍ ചെയ്തു തന്ത്രികള്‍ ആഗമ സിദ്ധാന്താമനുസരിച്ച് വിഗ്രഹ നിര്‍മ്മാണത്തിന്‍റെ പണിപ്പുരയില്‍ കൊണ്ടുപോയി. ശിലപിയായ ശ്രീ കൈലാസനും സഹായികളും ഒരാഴ്ച കൊണ്ട് ആശാരിപണിചെയ്തു ശൂലം തയാറാക്കി. ശ്രീ കോവിലിലെ ഏഴു വിഗ്രഹങ്ങള്‍ക്കും ശ്രീ അനന്തപത്മനാഭന്‍, ശ്രീദേവി, ഭൂദേവി, ഗരുഡന്‍, ഹനുമാന്‍, നാഗകന്യകമാര്‍ ഇവര്‍ക്കെല്ലാം ആദ്യം ശൂലം നിര്‍മ്മിക്കണം.

ശ്രീകോവിലില്‍ തന്ത്രികള്‍ നിര്‍ദ്ദേശിച്ച സ്ഥലത്ത്, പ്രതിഷ്ഠചെയ്യാനുള്ള, പീഠത്തിന്‍റെ മധ്യഭാഗത്ത്‌ നിര്‍മ്മിച്ച ദ്വാരത്തില്‍ ഈ ശൂലങ്ങളെ നല്ലപോലെ ഉറപ്പിക്കണം. ദ്വാരത്തില്‍ കടുശര്‍ക്കരപാകത്തിലെ ചില ദ്രവ്യങ്ങള്‍(അഷ്ടബന്ധം)കൊണ്ട് നിറച്ചു അതിലാണ് ശൂലത്തെ ഉറപ്പിക്കേണ്ടത്. വളരെ പശിമ സ്വഭാവമുള്ള ഈ ദ്രവ്യത്തില്‍ ശൂലം നല്ലപോലെ ഉറചിരിക്കും. ഇതാണ് ശൂലപ്രതിഷ്ഠ. കടുശര്‍ക്കരപാക വിഗ്രഹത്തില്‍ ശൂല പ്രതിഷ്ഠ വളരെ പ്രാധാന്യമുണ്ട്. എന്തെന്നാല്‍ ബ്രഹ്മകലശസമയത്ത് പുന പ്രതിഷ്ഠയില്ല. ശുഭ മുഹൂര്‍ത്തത്തില്‍ നടന്ന ഈ അത്യപൂര്‍വ ശൂല പ്രതിഷ്ടാചടങ്ങിനു സാക്ഷ്യം വഹിച്ച ഭക്തജനങ്ങള്‍ നിരവധിയാണ്! 2001 ആണ്ടു ഭഗവാന്‍റെ പ്രതിഷ്ടാചടങ്ങ് നടന്നു.

നാഡീവ്യൂഹം

മനുഷ്യ ശരീരത്തിലുള്ള മറ്റെല്ലാ ഭാഗങ്ങളെയും പോലെ നാഡീഞരമ്പുഗളും വിഗ്രഹതിനുവേണം. ഇതും വിഗ്രഹത്തില്‍ ഉണ്ടാക്കി ചേര്‍ക്കേണ്ടതുണ്ട്. ഇതിനായി പച്ചനാളികേരത്തിന്‍റെ ചകിരിനാരാണ് ഉപയോഗിച്ചിരിക്കുനത്. പച്ച നാളികേരത്തിന്‍റെ തൊണ്ട് നല്ലപോലെ ചതച്ചാണ് നാരെടുക്കുനത്. ഏകദേശം 2000 ആളുകള്‍ രാപ്പകല്‍ ശ്രമദാനമായി നാരുകള്‍ തയ്യാറാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടു കൃതാര്‍ത്ഥരായിട്ടുണ്ട്. ഒരു ദിവസം ഒരു നാളികേരത്തിന്‍റെ തൊണ്ട് മാത്രമേ ചതച്ചു നാരെടുക്കാന്‍ സാധിച്ചിരുനുള്ളു. ഇത് തയ്യാറാക്കുന്നതും വളരെ ശ്രദ്ധയോടെ വേണമായിരുന്നു. ഓരോ നാരുകളും വിരലുകളുടെ ഇടയില്‍വെച്ചു വലിച്ചെടുത്ത് വൃത്തിയാക്കിയ ശേഷം കയര്‍ നിര്‍മ്മിക്കുന്നു. കൈകൊണ്ട് കയര്‍ പിരിക്കാന്‍ ആരും മുന്നോട്ടു വന്നില്ല. അവസാനം ചെറുവത്തൂരില്‍ നിന്ന് രണ്ടു സ്ത്രീകള്‍ വന്നു ഏകദേശം 200 മീറ്റര്‍ നീളത്തില്‍ കൈ കൊണ്ട് കയര്‍ പിരിച്ചു തന്നു. ഈ നാരു വിഗ്രഹത്തിന്‍റെ നാഭിയില്‍ നിന്ന് ആരംഭിച്ച് ദേഹത്തിന്‍റെ എല്ലാ ഭാഗത്തും ചുറ്റി ശിരസില്‍ അവസാനിപ്പിക്കണം. രക്തച്ചക്രമണത്തിന്‍റെ ദൌത്യം നിര്‍വാഹിക്കുന്ന ഈ നാരുകളുടെ സാന്നിധ്യം ഭക്തരെ മന്ത്ര മുഗ്ധരാക്കി.

ലേപനത്തിന്‍റെ ആരംഭം

നാരുകളാല്‍ ചുറ്റപ്പെട്ട ശൂലത്തിനു മാംസ സങ്കലപത്തിനായി പല ദ്രവ്യങ്ങളാല്‍ ലേപനം ചെയ്യേണ്ടതുണ്ട്. എല്ലിനു ചേര്‍ന്നിരിക്കുന്ന ലേപനമാണ് മജ്ജ. ചുവന്ന കല്പൊടി, ഗോതമ്പുപൊടി, യവം, ചാഞ്ചല്യം, മെഴുക്, നല്ലെണ്ണ, ശര്‍ക്കര മുതലായ ദ്രവ്യങ്ങളെ പാകപ്പെടുത്തി ചൂടോടെ ലേപനം ചെയ്യേണ്ടതുണ്ട്. ഇങ്ങനെ ചെയ്യേണ്ടാതുകൊണ്ട് ശിലപി വളരെ ക്ലേശത്തോടെയാണ് ഇക്കാര്യം നിര്‍വഹിച്ചത്. ലേപനം ചെയ്ത കൈയെടുത്താലുടനെ ഈ പദാര്‍ത്ഥം ഉറച്ചു കട്ടിയായി ശിലപോലെ ആയിത്തീരുന്നു. പദാര്‍ത്ഥങ്ങളില്‍ അധികവും പശിമസ്വഭാവമുള്ള വസ്തുക്കള്‍ ആയിരുന്നു. പ്ലാവിന്‍ പശ തന്നെ ഏകദേശം 40 കി. ഗ്രാം വരെ വേണ്ടിവന്നു എന്നുളത്തില്‍ നിന്നും വിഗ്രഹനിര്‍മ്മാനത്തിന്‍റെ കാഠിന്യം അര്‍ത്ഥമാക്കാന്‍ സാധിക്കും. ഈ മെഴുകുകളെല്ലാം(പശ)ഈ പ്രദേശത്തുള്ളവരും അടുത്ത പ്രദേശത്തുള്ളവരുമായ ഭക്തജനങ്ങള്‍ ഭഗവാനുവേണ്ടി നല്‍കി എന്നത് ആശ്ചര്യജനകമായ സംഗതിയാണ്.

മണ്ണിന്‍റെ ശുദ്ധീകരണം

ത്രിവേണി സംഗമത്തില്‍നിന്ന്‌ കൊണ്ട് വന്ന ഒരു ലോഡു മണ്ണാണ് ഈ നിര്‍മ്മാണക്കാര്യത്തിലെ പ്രധാനപ്പെട്ട ദ്രവ്യം. മണ്ണ് കൊണ്ടുവന്ന ഉടനെ പൊരിവെയിലില്‍ അഞ്ചുദിവസം ഉണക്കണം. ഉണക്കിയ മണ്ണിനെ ആട്ടുകല്ലിലിട്ട് ഉലക്കകൊണ്ട് കുത്തി പൊടിക്കണം .ഈ മണ്‍പൊടി ശേഖരിച്ചുവെച്ചതിനു ശേഷം ആവശ്യത്തിനനുസരിച്ച്, അളവിനനുസരിച്ചു വിവിധ കഷായങ്ങളിലിട്ടുവച്ച് ഔഷധിയുടെ ഗുണം നല്‍കണം. പ്രാരംഭത്തില്‍ മരത്തിന്‍റെ തോല്‍കൊണ്ടുള്ള കഷായത്തില്‍ ഈ മണ്‍പൊടി പത്തു ദിവസത്തോളം ഇട്ടുവെക്കേണം. അത് കഴിഞ്ഞാല്‍ പത്തു ദിവസത്തോളം നാല്പാമരകഷായത്തില്‍(അത്തി, ഇത്തി, അരയാല്‍, പേരാല്‍) ഇട്ടുവേക്കണം. അതിനുശേഷം ഈ മിശ്രിതം ഇളനീര്‍ കഷായത്തില്‍ പത്തു ദിവസത്തോളം ഇട്ട് ശുദ്ധികരിക്കണം. പിന്നീടിതിനെ അളവിലെടുത്ത് ഉണക്കിയെടുത്തു അരകല്ലിലിട്ട് അരക്കണം. അരക്കുമ്പോള്‍ ഗംഗാജലം തനെ ഉപോയിഗിക്കണമെന്നതാണ് മറ്റൊരു വൈശിഷ്ട്യം. ഈ മിശ്രിതത്തിന്‍റെയൊപ്പം ലേപനത്തിന്‍റെ അളവില്‍ ആനുപാതികമായി പലവിധ ഔഷധികള്‍(കടുശര്‍ക്കരപാകദ്രവ്യങ്ങള്‍) നിശ്ചിത അളവില്‍ ചേര്‍ത്ത് അരയ്ക്കണം. എല്ലാ വസ്തുക്കളും ചേര്‍ത്തരച്ചാല്‍ ഈ മണ്ണ് വെണ്ണ പോലെ മൃദുവായി ലേപനത്തിന് യോഗ്യമായിത്തീരുന്നു. അരയ്ക്കുമ്പോഴും ലേപനം ചെയ്യുമ്പോഴും ദേവാലയ പരിസരം മുഴുവനും ആനന്തകരമായ പരിമളം പരന്നത് ഞങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞു. ആരോഗ്യത്തിനു ഉത്തമമായ ഈ പരിമളം ശ്വസിച്ചവരെല്ലാം പ്രത്യേകമായ ആനന്താനുഭൂതിയില്‍ ലയിച്ചു. ലേപനം തുടര്‍ന്നു. വ്യത്യസ്തമായ ദ്രവ്യങ്ങളെക്കൊണ്ടും ഓരോപ്രാവശ്യം ലേപനം ചെയ്യുമ്പോഴും വ്യത്യസ്തമായ സുഗന്ധം അനുഭവിക്കാന്‍ ഞങ്ങള്‍ക്ക് ഭാഗ്യംസിദ്ധീച്ചു. ഒരു പ്രാവശ്യം ലേപനം ചെയ്താല്‍ അത് നൈസര്‍ഗിക രീതിയില്‍ ഉണങ്ങേണ്ടാതായതുണ്ട്. ചൂടാക്കിയോ കാറ്റുവീശിയോ കൃത്രിമമായി അതുണക്കാന്‍ പാടില്ല. ഇപ്രകാരം ഭഗവാന്‍റെ ശരീരത്തില്‍ പുരട്ടിയ ലേപനം നൈസര്‍ഗ്ഗികമായ രീതിയില്‍ ഉണങ്ങാന്‍ ഏകദേശം ഒരു മാസത്തോളം സമയമെടുത്തു .അതുകൂടാതെ മഴക്കാലത്തോ ,വെയില്‍കുറച്ചുള്ള സമയത്തോ ലേപനം ചെയ്യാറില്ല .കാരണം കാറ്റില്‍ ഈര്‍പ്പം അധികമുള്ളപ്പോള്‍ ലേപനം സാധ്യമല്ല .ഒരുമിച്ച് ചെയ്യാനും സാധ്യമല്ല . ഒരു ലേപനം ചെയ്തു നൈസര്‍ഗ്ഗികമായി ഉണങ്ങിയാല്‍ മാത്രമേ അടുത്ത ലേപനം ചെയ്യാന്‍ പാടുള്ളൂ .ഇപ്രകാരം പത്തുലേപനം കഴിഞ്ഞയുടനെ ശരീരഭാഗങ്ങള്‍ വ്യക്തമാവാന്‍ തുടങ്ങി .എന്തെന്നാല്‍ നെഞ്ച് ,നഖങ്ങള്‍ ,ആഭരണങ്ങള്‍ മുതലായ ഭാഗങ്ങള്‍ ശരീരത്തില്‍ എടുത്തു കാണത്തക്കവിധം ശ്രദ്ധയോടെയാണ്‌ ലേപനം ചെയ്തത് .വിഗ്രഹത്തിന്‍റെ ബാഹ്യകൃതിയിലും അലങ്കാരങ്ങളിലും ലേപന സമയത്ത് കൂടുതല്‍ ശ്രദ്ധവെച്ചിരുന്നു . ഇതോടൊപ്പം അഞ്ചുതലയുള്ള സര്‍പ്പത്തേയും ഇതേപാകത്തില്‍ തന്നെ ചെയ്യേണ്ടിവന്നു .അവസാനമായി സര്‍പ്പത്തിനു വെള്ളിയുടെ നാവുചേര്‍ത്താല്‍ പണിപൂര്‍ത്തിയാവും .ഭഗവാന്‍റെ ശരീരത്തില്‍ രോഗ്നിവാരണത്തിന് യോഗ്യമായ ധാരാളം ഔഷധങ്ങളുണ്ട് . ഓരോ ഭക്തനും ആരോഗ്യമുള്ളവനായിരിക്കുന്നതിനു വേണ്ടി ശ്രിസന്നിധിയില്‍ വന്നു പ്രാര്‍ത്ഥിക്കണം . ശംഖു ,ചക്ര ,അഭയവരദനായി സര്‍പ്പത്തിന്‍റെ മേലെ ഉപവിഷ്ടനായിരിക്കുന്ന സാക്ഷാല്‍ ശ്രീമന്നാരായണന്‍ ,ശ്രീ അനന്തപത്മനാഭനായി സകലഭക്തജനങ്ങള്‍ക്കും ആരോഗ്യസൗഭാഗ്യം നല്‍കാന്‍ സജ്ജനായികൊണ്ടിരി ക്കുകയാണ്.

അവസാനലേപനം

കടുശര്‍ക്കരയോഗം എന്നാ വിഗ്രഹ നിര്‍മ്മാണ രീതി മുനിവര്യന്‍മാരുടെ കാലം മുതല്‍ക്കേ മുമ്പേ ഉള്ളതാണെന്ന് വ്യക്തമാക്കിയിട്ടുണ്ടല്ലോ .പ്രകൃ തിയില്‍നിന്നുകിട്ടുന്ന എല്ലാ നൈസര്‍ഗ്ഗിക വസ്തുക്കളും ഔഷധികള്‍ തന്നെയാണ് .ഇവയുപയോഗിച്ച് വിഗ്രഹമുണ്ടാക്കി ദേവാരാധന ചെയ്യുന്ന സബ്രദായാം പണ്ടു മുതലേ പ്രചാരത്തിലുണ്ടായിരുന്നു .ഭക്തന്‍ ആരോഗ്യം മാത്രമല്ല ഐശ്വര്യവും ഭഗവാനോട് അപേക്ഷിക്കുന്നുണ്ട് .ഈ അപേക്ഷകള്‍ സാര്‍ത്ഥകമാക്കാന്‍ ഭഗവാനില്‍ ഐശ്വര്യം നിറഞ്ഞു നില്‍ക്കേണ്ടതുണ്ട് . ഈ തത്വം മുന്‍നിര്‍ത്തി അവസാന ലേപനത്തില്‍ സ്വര്‍ണ്ണവും വെള്ളിയും ചേര്‍ക്കുന്നുണ്ട് .ശുദ്ധ സ്വര്‍ണവും (24ct) വെള്ളിയും പാളികളാക്കിമാറ്റി ചന്ദനം അരയുക്കുന്നതുപോലെ അരച്ച് സ്വര്‍ണ്ണം ,വെള്ളി മിശ്രണത്തെ ദ്രവരൂപത്തില്‍ തയ്യാറാക്കുന്നു . ഇതിനോടൊപ്പം ഗോരോചനം ,കസ്തൂരി ,ചന്ദനം , രക്തചന്ദനം ,ആനകുത്തിയ മണ്ണ് ,കാള കുത്തിയ മണ്ണ് ,കലപ്പമണ്ണ് ,പുറ്റ്മണ്ണ് ,ഞണ്ട്മണ്ണ് ,മുതലായ വിശിഷ്ട രീതിയിലുള്ള മണ്ണുകളും ചേര്‍ത്തു ലേപനംചെയ്യേണ്ടതുണ്ട് .

വിഗ്രഹശില്‍പ്പികള്‍ ആവശ്യപ്പെട്ട വസ്തുക്കള്‍ സമയോചിതമായി എത്തിക്കാന്‍ സമിതി അംഗങ്ങള്‍ ശ്രദ്ധാലുക്കളായിരുന്നു എന്തിനധികം രാമേശ്വരത്തുനിന്നും 75 കി .ഗ്രാം മുത്തുചിപ്പിയും ഉത്തരപ്രദേശില്‍നിന്നും ഗംഗാജലവും മണ്ണും സന്നിധാനത്തിലേക്ക് കൊണ്ടുവരപ്പെട്ടു . ഗോരോചനം ഒരു ക്രിസ്ത്യന്‍ ഭക്തനാണ് നല്‍കിയത് . വളരെ വിലപിടിപ്പുള്ള ഇത്തരം ദ്രവ്യങ്ങള്‍ യഥാസമയം എത്തിക്കാനുള്ള ദേവപ്രേരണയെ മനസാസ്മരിച്ചു ങ്ങങ്ങള്‍ ധന്യരാവുന്നു . എന്നാല്‍ കസ്തൂരിമാത്രം കിട്ടാന്‍ പ്രയാസപ്പെട്ടു ഔഷധശാലകളില്‍ അന്വേഷിച്ചപോള്‍ ശുദ്ധ കസ്തൂരി കിട്ടിലെന്നും മായം ചേര്‍ത്തത് (അശുദ്ധ കസ്തൂരി ) വേണമെങ്കില്‍ നല്‍കാമെന്നും അവര്‍ പറഞ്ഞു . ഞങ്ങള്‍ ഇത് കേട്ട് ഹതാശരായി ഇതികര്‍ത്തവൃതാമുഡരായി നിന്നുപോയി . ശുദ്ധ കസ്തൂരി അന്വേഷിച്ചു മാസങ്ങള്‍ പലതു കഴിഞ്ഞു .എങ്കിലും അവിചാരമായി ദൈവഹിതംപോലെ ഒരു ശുഭസന്ദര്‍ഭം വന്നുചേര്‍ന്നു .

സമിതി അംങ്ങങ്ങള്‍ എല്ലാവരും രാത്രികാലങ്ങളില്‍ ദേവാലയിത്തില്‍ ഒത്തുകൂടി തീരുമാനങ്ങള്‍ എടുക്കുക പതിവായിരുന്നു .അന്നൊരു ദിവസം ങ്ങങ്ങള്‍ സഭകൂടിയിരുന്നു കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന സമയത്ത് ഒരു നിമിത്തംപോലെ നേപ്പാളിലെ പശുപതിദേവാലയിത്തിലെ പ്രധാന പൂജാരി അവിടെയെത്തിചേ ര്‍ന്നു .ഭഗവാന്‍റെ വിഗ്രഹത്തെയും ക്ഷേത്രത്തെയും ദര്‍ശിച്ച ശേഷം ഓഫീസില്‍ വന്നു ഇനിയങ്ങോട്ടുള്ള കാര്യങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു . സംസാരത്തിനിടയില്‍ കസ്തൂരിയെകുറിച്ചുള്ള ഞങ്ങളുടെ ആകാംഷ അദ്ദേഹത്തെ അറിയിച്ചു . അപ്പോള്‍ ഉടന്‍തന്നെ നെപാളില്‍ ശുദ്ധ കസ്തൂരി ഇഷ്ടംപോലെ ലഭിക്കുമെന്നും .പക്ഷെ ഒരു ഗ്രാമിന് 15,000/- രൂപ വിലയാകുമെന്നും അദ്ദേഹം പറഞ്ഞു .മാത്രമല്ല പുറംനാടുകളിലേക്ക് കയറ്റി ക്കൊണ്ടുപോവുന്നത് നിരോധിച്ചിട്ടുമുണ്ട് . ഒടുവില്‍ ഞങ്ങളുടെ നിസ്സഹായാവസ്ഥകണ്ട് കരുണതോന്നിയ പൂജാരി സമാധാനപൂര്‍വ്വം ഇങ്ങനെ പറഞ്ഞു .’’ ഞാന്‍തന്നെ മുന്‍കൈയെടുത്തു കസ്തൂരി അയച്ചുതരാം .അതിന്‍റെ വിലയൊന്നും തരേണ്ടതില്ല ‘’ എന്ന് . ഈ വാക്കുകള്‍ സമ്മിതി അംഗങ്ങള്‍ക്ക് സാന്ത്വനമേകി. ഒരു ദൈവദൂതനെപ്പോലെ അവിടെ ആഗതനായ ആ മഹാനുഭാവന്‍ പറഞ്ഞ പ്രകാരംതന്നെ ഒരു മാസത്തിനകം വിഗ്രഹ നിര്‍മ്മാണത്തിനുവേണ്ട കസ്തൂരി എത്തിച്ചു . ദൈവത്തിന്‍റെ പ്രതിരൂപമാണോ ഇദ്ദേഹം എന്നുപോലും ഞങ്ങള്‍ അതിശയിച്ചുപോയി !

 

അടുത്ത പേജ് …